Monday, July 30, 2018

ഗാർഹിക വൈദ്യുതി ഉപയോഗത്തിന് സോളാർ എനർജി ഉപയോഗിക്കുവാൻ താത്പര്യപ്പെടുന്നുണ്ടോ എങ്കിൽ ഇത് തീർച്ചയായും വായിച്ചിരിക്കണം

                  ഗാർഹിക വൈദ്യുതി ഉപയോഗത്തിന് സോളാർ എനർജി ഉപയോഗിക്കുവാൻ താത്പര്യപ്പെടുന്നവർ സുജിത് കുമാർ ന്റെ പോസ്റ്റ് ശ്രദ്ധിക്കുക. സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന വിധത്തിൽ ലളിതവും എന്നാൽ സമഗ്രവുമായി വിഷയത്തെ അവതരിപ്പച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്സിഡിയൊക്കെ വാരിക്കൊരിക്കൊടുത്തിട്ടും എന്തുകൊണ്ടാണ്‌ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ നമ്മുടെ നാട്ടുകാർ വിമുഖത കാട്ടുന്നത്?
എത്രയൊക്കെ സബ്സിഡി കൊടുത്താലും ജനങ്ങൾ ഒരു ഉല്പന്നം അല്ലെങ്കിൽ സേവനം വാങ്ങണമെങ്കിലും ഉപയോഗിക്കണമെങ്കിലും അവർക്ക് പ്രത്യക്ഷത്തിൽ തന്നെ അതിന്റെ ഗുണങ്ങൾ അനുഭവേദ്യമാകുന്ന എന്തെങ്കിലുമൊക്കെ ഘടകങ്ങൾ വേണം. ഇത് സോളാർ പ്ലാന്റുകളുടെ കാര്യത്തിൽ ഇല്ല എന്നതാണ്‌ ഇവിടെ പ്രധാന പ്രശ്നം. ഓരോ വർഷം കഴിയുന്തോറും സോളാർ പാനലുകളുടെ ഊർജ്ജക്ഷമത വർദ്ധിച്ചു വരികയും അതോടൊപ്പം വിലയിൽ കാര്യമായ വ്യത്യാസം ഉണ്ടാവുകയുമൊക്കെ ചെയ്തിട്ടും ഇപ്പോഴും ഇത് ജനപ്രിയമായിട്ടില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മറ്റു പല ഘടകങ്ങൾ കൂടി ഇതിനു പിന്നിലുണ്ട്. അതിൽ പ്രധാനമാണ്‌ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടേതുപോലെ ദിവസേന സുദീർഘമായ പവർക്കട്ട് ഇല്ല എന്നതു തന്നെ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനങ്ങൾ ഗത്യന്തരമില്ലാതെയാണ്‌ സോളാർ പവർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത്. അല്ലാതെ ഒരു ഹരിത വൈദ്യുത സ്രോതസ്സിനെ പ്രോത്സാഹിപ്പിച്ച് ആഗോള താപനത്തെ കുറയ്ക്കാനും കാർബൺ ക്രഡിറ്റ് ഉണ്ടാക്കാനുമൊക്കെയുള്ള ആഗ്രഹം കൊണ്ടല്ല.
വളരെ ചുരുങ്ങിയ സമയം കൊണ്ട് വൻ ലാഭമുണ്ടാക്കാം എന്ന മോഹത്താൽ സോളാർ പ്ലാന്റുകൾ ഇന്സ്റ്റാൾ ചെയ്തേക്കാം എന്ന് കരുതുന്നവർ അബദ്ധത്തിലേക്ക് ആയിരിക്കും ചെന്ന് ചാടുന്നത്. നിങ്ങൾ ഒരു ശരാശരി വൈദ്യുത ഉപഭോക്താവാണെങ്കിൽ ഇതിൽ ഇൻവെസ്റ്റ് ചെയ്യുന്ന പണം ഏതെങ്കിലും മ്യൂച്വൽ ഫണ്ടിൽ ഇട്ടാൽ അതിൽ നിന്നും ലഭിക്കുന്ന ലാഭം വേണ്ടി വരില്ല പ്രതിവർഷ വൈദ്യുത ചാർജ് അടയ്ക്കാൻ. അതിനാൽ ഏതെങ്കിലും സ്ഥാപനങ്ങളുടെയോ സുഹൃത്തുക്കളുടെയോ വൻ ലാഭമുണ്ടാകുമെന്ന മോഹന വാഗ്ദാനങ്ങളിൽ ഒരിക്കലും വീഴരുത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടെ സ്ഥാപിക്കപ്പെടുന്ന ചെറുകിട സോളാർ പ്ലാന്റുകളുടെ മുടക്ക് മുതൽ തിരിച്ച് പിടിക്കാൻ നിലവിലെ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ചു വർഷം എങ്കിലും എടുക്കും (മറ്റ് പരിപാലനച്ചെലവുകളൊന്നും ഉണ്ടായില്ല എങ്കിൽ ).
ഒരു മലയാളിയായ ഗാർഹിക ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം സ്വന്തമായി വൈദ്യുതി ഉണ്ടാക്കി ഉപയോഗിച്ച് സ്വയം പര്യാപ്തത നേടുന്നതിലുള്ള ഒരു മാനസിക സുഖം , പരിസ്ഥിതി സൗഹൃദമായ ഒരു ഊർജ്ജ സ്രോതസ്സ് പരമാവധി ഉപയോഗപ്പെടുത്തുന്നതിലുള്ള ആത്മ സംതൃപ്തി. സാമൂഹിക പ്രതിബദ്ധത - ഇതൊക്കെ സോളാർ പവർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനു പ്രേരകമായ കാര്യങ്ങളായി വേണമെങ്കിൽ പറയാം. പിന്നെ ഗാർഹിക വൈദ്യുത ഉപഭോഗം വളരെ കൂടുതലായ ഉപഭോക്താക്കൾക്കും വൈദ്യുത നിരക്ക് കൂടുതൽ നൽകേണ്ടി വരുന്ന വാണിജ്യ/ വ്യവസായ സംരംഭങ്ങൾക്കുമെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ സോളാർ പ്ലാന്റുകൾ ഗുണം ചെയ്യും.
ഇപ്പോഴത്തെ ഒരു ട്രൻഡ്‌ വച്ച് കെ എസ് ഇ ബിയുടെ കറന്റ് ഉപയോഗിച്ചാൽ ക്യാൻസർ വരുമെന്നോ മറ്റോ ഉള്ള വല്ല വ്യാജ വാർത്തകളും അടിച്ചിറക്കിയാൽ ഒരു പക്ഷേ കുറേ പേർ സൗര വൈദ്യുതിയിലേക്ക് തിരിഞ്ഞേക്കാം.
പ്രധാനമായും മൂന്നു തരത്തിലുള്ള സോളാർ പവർ പ്ലാന്റ് സംവിധാനങ്ങൾ ഉണ്ട്
1. ഡി സി ഓൺലി സോളാർ പ്ലാന്റുകൾ
2.ഓഫ് ഗ്രിഡ് സോളാർ പ്ലാന്റുകൾ 
3.ഗ്രിഡ് ടൈഡ് സോളാർ പ്ലാന്റുകൾ.

--------------------------------------

1. സോളാർ ഡി സി പ്ലാന്റുകൾ

സോളാർ പാനലുകൾ ഉണ്ടാക്കുന്നത് നമ്മുടെ ബാറ്ററികളിൽ നിന്നൊക്കെ ലഭിക്കുന്നതുപോലത്തെ ഡി സി വൈദ്യുതി ആണെന്ന് അറിയാമല്ലോ. ഇത് പാനലുകൾക്കനുസരിച്ച് 12 വോൾട്ട്, 24 വോൾട്ട് ഒക്കെ ആകാം. പക്ഷേ നമ്മുടെ വൈദ്യുത ഉപകരണങ്ങളെല്ലാം തന്നെ 230 വോൾട്ട് എ സി വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാണ്‌. അതായത് സോളാർ വൈദ്യുതിയിൽ നമ്മുടെ വൈദ്യുത ഉപകരണങ്ങളായ ബൾബും ഫാനുമൊക്കെ പ്രവർത്തിപ്പിക്കണമെങ്കിൽ ഡി സി വൈദ്യുതിയെ എ സി വൈദ്യുതി ആക്കി മാറ്റുന്ന ഇൻവെർട്ടറുകൾ ഉപയോഗിക്കണം. ഇത്തരത്തിൽ ഇൻവെർട്ടറുകൾ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും കുറേ ഊർജ്ജ നഷ്ടം ഉണ്ടാകും. ഇത് ഒഴിവാക്കാനായി നേരിട്ട് ഡി സിയിൽ പ്രവർത്തിക്കുന്ന വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്‌. അതായത് 12 വോൾട്ടിൽ പ്രവർത്തിക്കുന്ന എൽ ഇ ഡി വിളക്കുകൾ, ഡി സി ഫാൻ അങ്ങനെ പലതും. ഡിസിയിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജുകളും വാട്ടർ പമ്പുകളും വരെ വിപണിയിൽ ഉണ്ട്.
ഇത്തരം ഡി സി സോളാർ പ്ലാന്റുകൾക്ക് പ്രധാനമായും ഒരേ ഒരു ഗുണമേ ഉള്ളൂ.. ഊർജ്ജ നഷ്ടം ഉള്ള ഇൻവെർട്ടറുകൾ ആവശ്യമില്ല എന്നതു തന്നെ. പക്ഷേ ഉപകരണങ്ങളെല്ലാം ഡി സി യിലേക്ക് മാറ്റുന്നതിലെ പണച്ചെലവും അപ്രായോഗികതയും ഒരു വിഷയമാണെന്ന് മാത്രമല്ല ഡി സിയ്ക്കായി പ്രത്യേകം വയറിംഗും നടത്തണം. ഇപ്പോൾ സോളാറിനാണെന്നു പറഞ്ഞ് ഡി സി വയറിംഗ് നടത്തുന്ന ഒരു രീതി കണ്ടു വരുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കുക, നല്ല ഗുണനിലവാരമുള്ള കട്ടീയേറിയ കോപ്പർ കേബിളുകൾ അല്ല ഉപയോഗിക്കുന്നത് എങ്കിൽ വലിയ ഊർജ്ജ നഷ്ടം ആയിരിക്കും ഫലം. അതായത് വെളുക്കാൻ തേച്ചത് പാണ്ടാകും എന്നർത്ഥം.
ചുരുക്കം ഉപകരണങൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ മാത്രം ഡി സി പ്ലാന്റുകളെക്കുറിച്ച് ചിന്തിച്ചാൽ മതി. അതായത് ഒരു മുറിയിൽ ഒരു ഫാനും ഒന്നു രണ്ട് ലൈറ്റുകളും മറ്റുമായാൽ ചെറിയ ഡി സി പ്ലാന്റുകൾ ലാഭകരമായിരിക്കും. നിലവിൽ വയറീംഗ് ഒക്കെ ചെയ്തിട്ടുള്ള പഴയ വീടുകളിൽ ഇതിനു പിറകേ പോകാതിരിക്കുന്നതാണ്‌ കൂടുതൽ നല്ലത്.
ഇതുവരെ വൈദ്യുതീകരണം നടക്കാത്ത സ്ഥലങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഏറ്റവും അനുയോജ്യമാണ്‌ ഇത്തരം ഡി സി പവർ പ്ലാന്റുകൾ. അതുകൊണ്ട് തന്നെ വിവിധ സംസ്ഥാന സർക്കാരുകൾ വൈദ്യുതി എത്തിച്ചേരാത്ത ഗ്രാമങ്ങളിൽ ഇത്തരം പ്ലാന്റുകൾക്ക് മുൻഗണന നൽകുന്നു. ടെലിവിഷൻ പോലെ 230 വോൾട്ട് ഏസി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒന്നോ രണ്ടോ ഉപകരണങ്ങൾക്കായി ചെറിയ ഒരു പവർ കൺവെർട്ടറുകൾ ഉപയോഗിക്കാവുന്നതാണ്‌.
2. ഓഫ് ഗ്രിഡ് സോളാർ പ്ലാന്റുകൾ

ബാറ്ററിയും ഇൻവെർട്ടറും സോളാർ പാനലുകളും ചാർജ് കണ്ട്രോളറും ചേർന്ന പരമ്പരാഗതമായി ഉപയോഗിക്കുന്ന സംവിധാനമാണ്‌ ഓഫ് ഗ്രിഡ് സോളാർ പ്ലാന്റുകൾ. സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഒരു ചാർജ് കണ്ട്രോളറിലൂടെ ബാറ്ററികളിലേക്ക് എത്തിച്ച് ചാർജ്ജാക്കുന്നു. ഈ ബാറ്ററിയിൽ നിന്നുള്ള ഡി സി വൈദ്യുതിയെ ഇൻവെർട്ടറുകൾ എ സി വൈദ്യുതി ആക്കി ഉപകരണങ്ങളിലേക്ക് എത്തിക്കുന്നു. ഇവിടെ വീട്ടിലെ എല്ലാ ഉപകരണങ്ങളും സോളാർ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വലിയ പ്ലാന്റുകൾ മുതൽ അത്യാവശ്യം വേണ്ട ഫാനുകളൂം ലൈറ്റുകളും ടിവിയുമൊക്കെ പ്രവർത്തിപ്പിക്കാനാവശ്യമായ ചെറുകിട പ്ലാന്റുകളും സ്ഥാപിക്കാവുന്നതാണ്‌. ഓഫ് ഗ്രിഡ് സോളാർ പ്ലാന്റുകളുടെ പ്രധാന പ്രശ്നം ബാറ്ററിയ്ക്കായി വരുന്ന ആവർത്തനച്ചെലവ് ആണ്‌. അതായത് നാലോ അഞ്ചോ വർഷങ്ങൾ കൂടുമ്പോൾ ബാറ്ററി മാറ്റേണ്ടി വരും. സാധാരണയായി വീടുകളിൽ 1 കിലോവാട്ട് മുതൽ 2 കിലോ വാട്ട് വരെ ഉള്ള ഓഫ് ഗ്രിഡ് പ്ലാന്റുകൾ ആണ്‌ സ്ഥാപിച്ചു കാണുന്നത്. വാർഷിക ശരാശരി പരിശോധിച്ചാൽ 1 കിലോ വാട്ട് പ്ലാന്റ് ഒരു ദിവസം 4 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കും. നിങ്ങളൂടെ പ്രതിമാസ വൈദ്യുത ഉപഭോഗം നോക്കിയാൽ ഏത്ര വാട്ട് ഉള്ള പ്ലാന്റുകൾ ആവശ്യമാണെന്ന് കണക്ക് കൂട്ടി എടുക്കാൻ കഴിയും. പവർ കൂടുതൽ ഉപയോഗിക്കുന്ന ഫ്രിഡ്ജ്, എയർ കണ്ടീഷനറുകൾ, പമ്പ് സെറ്റുകൾ തുടങ്ങിയവ ചെറിയ പ്ലാന്റുകളിൽ പ്രവർത്തിപ്പിക്കാനാകില്ല. അത് കൂടി പ്രവർത്തിപ്പിക്കാൻ കഴിയുന്ന പ്ലാന്റുകൾക്ക് വലിയ പ്രാരംഭച്ചെലവുകൾ വരും. അതായത് 3 മുതൽ 5 കിലോവാട്ട് ശേഷിയൊക്കെ വേണ്ടി വരും. ഇപ്പൊള്‌ ഒരു കിലോ വാട്ട്‌ പ്ലാന്റിന് പാനലുകളുടെയും ഇൻവെർട്ടറിന്റെയും ബാറ്ററിയുടെയുമൊക്കെ ഗുണനിലവാരമനുസരിച്ച് സബ്സിഡി ഇല്ലാതെ 75000 മുതൽ 1 ലക്ഷം വരെ ഉള്ള റേഞ്ചിൽ ലഭ്യമാണ്‌. ഒരു കിലോ വാട്ട് പ്ലാന്റ് എന്നാൽ നാല്‌ 250 വാട്ട് പാനലുകളും രണ്ട് 12 വോൾട്ട് 150 ആമ്പിയർ അവർ ബാറ്ററിയും ഒരു ഇൻവെർട്ടറും അടങ്ങിയതായിരിക്കും. പ്രമുഖ ഇൻവെർട്ടർ നിർമ്മാതാക്കളായ ലൂമിനസ്സും സു കാമും മൈക്രോടെക്കുമെല്ലാം ഈ രംഗത്തും സജീവമാണ്‌. ഒരു കിലോ വാട്ട് പ്ലാന്റിനു രണ്ട് ബാറ്ററികൾ ഉൾപ്പെടെ ഒരു ലക്ഷത്തിനടുത്ത് വില വരും
3. ഓൺ ഗ്രിഡ് സോളാർ പ്ലാന്റുകൾ അഥവ ഗ്രിഡ് ടൈഡ് സോളാർ പ്ലാന്റുകൾ
നമ്മുടെ നാട്ടിൽ ഇത് താരതമ്യേന പുതിയ സംവിധാനമാണ്‌. ബാറ്ററി വേണ്ടാത്ത സോളാർ പവർ പ്ലാന്റുകൾ ആണ്‌ ഇത്. സോളാർ പാനലുകളും പാനലുകളിൽ നിന്നുള്ള ഡീ സി വൈദ്യുതിയെ 230 വോൾട്ട്‌ എ സി വൈദ്യുതി ആക്കി മാറ്റുന്ന ഒരു ഇൻവെർട്ടറും പിന്നെ നെറ്റ് മീറ്റർ എന്നറിയപ്പെടുന്ന ഇരു ദിശയിലേക്കും കറങ്ങുന്ന ഒരു എനർജി മീറ്ററും ചേർന്നതാണ്‌ ഇത്തരം പവർ പ്ലാന്റുകൾ. പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ ഇത്തരം സോളാർ പ്ലാന്റുകൾ ഇലക്ട്രിസിറ്റി ബോഡിന്റെ ലൈനുമായി ബന്ധിപ്പിക്കപ്പെട്ടതാണ്‌. അതായത് പകൽ സമയത്ത് ഈ പ്ലാന്റ് ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക് ഒഴുകുന്നു. പകൽ സമയം 5 മണിക്കൂർ പ്രവർത്തിക്കുന്ന നിങ്ങളുടെ വീട്ടീലെ സോളാർ പവർ പ്ലാന്റ് 4 യൂണിറ്റ് വൈദ്യുതി ഇലക്ട്രിസിറ്റി ബോഡിന്റെ ലൈനിലേക്ക് നൽകുന്നു എന്ന് കരുതുക. രാത്രി ആകുന്നതോടെ ഈ പ്ലാന്റ് പ്രവർത്തന രഹിതമാകുമല്ലോ ആ അവസരത്തിൽ ഇലക്ട്രിസിറ്റി ബോഡിന്റെ വൈദ്യുതി ഉപയോഗിക്കാൻ കഴിയും. അതായത് പകൽ 4 യൂണിറ്റ് അങ്ങൊട്ട് നൽകി രാത്രി 3 യൂണിറ്റ് ഉപയോഗിച്ചു എങ്കിൽ ലാഭം 1 യൂണിറ്റ്. മുപ്പത് ദിവസം ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ ഉപയോഗം കഴിഞ്ഞ് പ്രതിമാസം 30 യൂണിറ്റിന് ഇലക്ട്രിസിറ്റി ബോഡ് നിങ്ങൾക്ക് കടപ്പെട്ടിരിക്കും. ഇത് പണമായി കിട്ടില്ല. അടുത്ത മാസത്തെ ബില്ലിൽ അഡ്ജസ്റ്റ് ചെയ്ത് കിട്ടും. ഓരോ സംസ്ഥാനത്തും പല രീതിയിൽ ആണ്‌ ഈ ബില്ലിംഗ് സംവിധാനം. ചിലയിടങ്ങളിൽ വർഷത്തിൽ ഒരു തവണ ബിൽ അഡ്ജസ്റ്റ് ചെയ്യുന്ന സംവിധാനമാണുള്ളത്. ബാറ്ററി വേണ്ടാത്തതിനാൽ ആവർത്തനച്ചെലവ് ഒട്ടും ഇല്ലാത്തതിനാൽ ഇത്തരത്തിലുള്ള ഓൺ ഗ്രിഡ് പവർ പ്ലാന്റുകൾക്ക് വലിയ പ്രചാരം ലഭിച്ചു വരുന്നു. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോഡ് ഇത്തരത്തിൽ ചുരുങ്ങിയത് 2 കിലോവാട്ട് ശേഷിയുള്ള ഓൺ ഗ്രിഡ് പവർ പ്ലാന്റുകൾക്ക് സബ്സിഡി നൽകി വരുന്നു. 2 കിലോ വാട്ട് ഓൺഗ്രിഡ് പവർ പ്ലാന്റ് സബ്സിഡി ഇല്ലാതെ ഒന്നര ലക്ഷം രൂപയ്ക്ക ഉള്ളിൽ ലഭിക്കും. ഇത്തരത്തിലുള്ള 2 കിലോ വാട്ട് പ്ലാന്റ് പ്രതിദിനം ശരാശരി 8 മുതൽ 10 വരെ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കും. സബ്ശിഡി ഉൾപ്പെടെ ഒരു ലക്ഷത്തിനകത്തു ചെലവു വരും. പക്ഷേ‌ കേരളത്തിൽ നിലവിൽ എല്ലായ്പ്പോഴും സബ്സിഡി ലഭ്യമല്ല. അനർട്ട് വഴി മുൻകൂട്ടീ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ്‌ സബ്സിഡി ലഭിക്കുന്നത്. അതിനായി അനർട്ടീന്റെ വെബ് സൈറ്റ് സന്ദർശിക്കുക.
ബാറ്ററി ഉള്ള ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ ബാറ്ററി മുഴുവനായി ചാർജ് ആയതിനു ശേഷം പകൽ സമയം ഉപയോഗം ഇല്ലെങ്കിൽ സോളാർ പാനലുകളിൽ നിന്നും ലഭിക്കുന്ന വൈദ്യുതി പാഴായിപ്പോകുന്നു. ഗ്രിഡ് കണക്റ്റഡ് പവർ പ്ലാന്റുകളിൽ ആ സാഹചര്യം ഒഴിവാകുന്നു. അധികമുള്ള വൈദ്യുതി ഗ്രിഡിലേക്ക് ഒഴുകുന്നതിനാൽ അത് ശേഖരിച്ചു വയ്ക്കുന്നതിനു സമമാണ്‌.
സോളാർ വൈദ്യുതി ഉപയോഗിക്കാനായി ലോഡ് തരം തിരിച്ച് പ്രത്യേകം വയറിംഗ് ആവശ്യമില്ല എന്നതും ഗ്രിഡ് കണക്റ്റഡ് സിസ്റ്റത്തിന്റെ ആകർഷണീയതയാണ്‌. നിങ്ങളുടെ നിലവിലെ വയറീംഗിൽ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ഫ്രിഡ്ജും മോട്ടോറും ഏസിയും ഒന്നും തരം തിരിക്കാതെ തന്നെ നേരിട്ട് കണക്റ്റ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നു.
ഓൺഗ്രിഡ് സിസ്റ്റത്തിന് ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലും പല ന്യൂനതകളും ഉണ്ട്. ഗ്രിഡിൽ കറന്റ് ഇല്ലെങ്കിൽ ഇത് പ്രവർത്തിക്കില്ല എന്നതാണ്‌ പ്രധാന പ്രശ്നം. അതായത് പകൽ സമയത്ത് ലൈനിൽ കറന്റില്ലെങ്കിൽ സോളാർ പ്ലാന്റിൽ നിന്നുള്ള വൈദ്യുതിയും ഉപയോഗിക്കാൻ കഴിയില്ല. ഇതൊരു സുരക്ഷാ മുൻകരുതൽ ആണ്‌.അതായത് എന്തെങ്കിലും അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രിസിറ്റി ബോഡിലെ ഉദ്യോഗസ്ഥർ ലൈൻ ഓഫ് ചെയ്യുമ്പോൾ നിങ്ങളൂടെ ഇൻവെർട്ടറിൽ നിന്നും തിരികെ കറന്റ് ലൈനിലേക്ക് ഒഴുകി അവർക്ക് അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ.
എന്നിരുന്നാലും കേരളത്തിൽ സുദീർഘമായ പവർക്കട്ടുകൾ ഇല്ലാത്തതിനാൽ വീടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കുമെല്ലാം ഇത്തരം ഓൺ ഗ്രിഡ് സംവിധാനങ്ങൾ വളരെ അനുയോജ്യമാണ്‌. പകൽ സമയം മാത്രം ഉപയോഗമുള്ള സ്കൂളുകൾക്കും കടകൾക്കും എല്ലാം ഏറ്റവും അനുയോജ്യമായത് ഇതു തന്നെയാണ്‌. അവധി ദിവസങ്ങളിൽ ലഭിക്കുന്ന അധിക വൈദ്യുതി ബോണസ്സുമാണ്‌.

ഗ്രാമത്തിലെ ഒരു വീട്ടിൽ വൈദ്യുത ഉപഭോഗം അധികമില്ല, പക്ഷേ സ്ഥല സൗകര്യമുണ്ട്. നഗരത്തിലെ വീട്ടിൽ സ്ഥല സൗകര്യമില്ല പക്ഷേ വൈദ്യുത ഉപഭോഗം കൂടുതലാണ്‌- ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉള്ളവർ നമ്മൂടെ നാട്ടിൽ ധാരാളം ഉണ്ടാകും. അവർക്കായും കെ എസ് ഇ ബി യുടെ ഒരു പദ്ധതി ഉണ്ട്. അതായത് നിങ്ങൾക്ക് ഗ്രാമത്തിലെ വീട്ടീൽ ഗ്രിഡ് കണക്റ്റഡ് പ്ലാന്റ് സ്ഥാപിച്ച് അതിലൂടെ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് പകരമായി മറ്റൊരിടത്തുള്ള വീട്ടിൽ ഗ്രിഡിൽ നിന്നും വൈദ്യുതി ഉപയോഗിക്കാൻ കഴിയും. രണ്ട് ബില്ലുകളിലേയും തുക അഡ്ജസ്റ്റ് ചെയ്യുന്ന ഈ സംവിധാനത്തിൽ രണ്ടു കണക്ഷനുകളും ഒരേ ആളുടെ പേരിൽ ആകണമെന്നോ മറ്റോ ഉള്ള നിബന്ധന ഉള്ളതായി അറിയുന്നു. വിശദ വിവരങ്ങൾ ഇലക്ട്രിസിറ്റി ബോഡിൽ നിന്നും ലഭിക്കും.
മൂന്നു തരത്തിൽ ഉള്ള സോളാർ പവർ പ്ലാന്റുകളെ പരിചയപ്പെട്ടല്ലോ. എങ്കിൽ ഇനി സോളാർ പാനലുകളെക്കുറിച്ച് അല്പം വിവരങ്ങൾ ആകാം. ഏതെല്ലാം തരത്തിലുള്ള സോളാർ പാനലുകളുണ്ട്, അവയുടെ ആയുസ്സ്, വോൾട്ടേജ്, കറന്റ്, കപ്പാസിറ്റി, ഊർജ്ജക്ഷമത തുടങ്ങിയവയെക്കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ഒറ്റ നോട്ടത്തിൽ സോളാർ പാനലുകളെല്ലാം ഒരുപോലെ ഇരിക്കുമെങ്കിലും പ്രധാനമായും മൂന്നു തരത്തിലുള്ള സോളാർ പാനലുകളാണുള്ളത്.
1. മോണോ ക്രിസ്റ്റലൈൻ സോളാർ പാനലുകൾ
2. പോളി ക്രിസ്റ്റലൈൻ സോളാർ പാനലുകൾ
3. തിൻ ഫിലിം അമോർഫസ് സോളാർ പാനലുകൾ

സോളാർ പാനലുകൾ നിർമ്മിച്ചിരിക്കുന്നത് സിലിക്കൺ എന്ന പദാർത്ഥം കൊണ്ടാണെന്ന് അറിയാമല്ലോ. ഇതിൽ ശുദ്ധമായ ഒരൊറ്റ സിലിക്കൺ ക്രിസ്റ്റലിൽ വളർത്തി എടുത്ത് മുറിച്ചെടുത്ത് നിർമ്മിക്കപ്പെട്ട ഉയർന്ന ഊർജ്ജക്ഷമത ഉള്ള പാനലുകൾ ആൺ മോണോ ക്രിസ്റ്റലൈൻ സോളാർ പാനലുകൾ. ഏറ്റവും കൂടുതൽ ഊർജ്ജക്ഷമത ഉള്ളതും ആയുസ്സുള്ളതും ചൂട് കൂടുമ്പോൾ താരതമ്യേന പവർ കുറയാത്തതുമായ ഇത്തരം മോണോ ക്രിസ്റ്റലൈൻ സിലിക്കൺ പാളികൾ കൊണ്ട് നിർമ്മിച്ച സോളാർ പാനലുകളെ വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഇവയുടെ നിറം കറുത്തതും പാനലുകളിലെ ഓരോ സെല്ലുകളുടെയും മൂലകളിൽ വെട്ട് ഉള്ളതും ആയിരിക്കും. നിർമ്മാണ പ്രക്രിയ ചെലവേറിയതായതിനാലും ശുദ്ധമായ സിലിക്കൺ ഉപയോഗിക്കുന്നതിനാലും മോണോ ക്രിസ്റ്റലൈൻ സോളാർ പാനലുകളുടെ വില താരതമ്യേന കൂടുതലാണ്‌. മോണോ ക്രിസ്റ്റൽ പാനലുകളൂടെ ഊർജ്ജക്ഷമത 17 മുതൽ 20 ശതമാനം വരെ വരുന്നു.
പോളി ക്രിസ്റ്റലൈൻ പാനലുകൾ ഉരുക്കിയെടുത്ത സിലിക്കണ്‌‌ മോൾഡുകളീലൊഴിച്ച് തണുപ്പിച്ച് മുറിച്ചെടുത്ത് നിർമ്മിക്കുന്നവയാണ്‌. ഇവ വളരെ ശുദ്ധമായ സിലിക്കണാൽ നിർമ്മിതമായവയല്ല. നിർമ്മാണപ്രക്രിയ വളരെ ലളിതമാണെന്നതിനാൽ പോളി ക്രിസ്റ്റലൈൻ പാനലുകളുടെ വിലയും താരതമ്യേന കുറവാണ്‌. തിളങ്ങുന്ന നീല നിറം പോളി ക്രിസ്റ്റലൈൻ പാനലുകളേ തിരിച്ചറീയാൻ സഹായിക്കുന്നു. മാത്രമല്ല ഓരോ സെല്ലുകളും കൃത്യമായ ചതുരാകൃതിയിൽ ആയിരിക്കും. ഇത്തരം പാനലുകളുടെ ഊർജ്ജക്ഷമത 13 മുതൽ 16 ശതമാനം വരെ വരുന്നു. ഇപ്പോൾ 17 ശതമാനത്തിലധികം ഊർജക്ഷമമായ പോളി ക്രിസ്റ്റലൈൻ പാനലുകളും വിപണിയിലുണ്ട്.
മൂന്നാമത്തെ വിഭാഗമായ തിൻ ഫിലിം അമോർഫസ് പാനലുകൾ പൊതുവേ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാറില്ല. പേരു സൂചിപ്പിക്കുന്നതുപോലെ സിലിക്കണിന്റെ നേർത്ത പാടകൾ പെയിന്റടിക്കുന്നതുപോലെ പൂശീയെടുത്ത് നിർമ്മിക്കുന്ന ഇത്തരം പാനലുകൾ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതാണെങ്കിലും ഊർജ്ജക്ഷമത മറ്റു രണ്ട് വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം പകുതി പോലും ഇല്ല. 7 മുതൽ 10 ശതമാനം വരെ മാത്രമേ ഊർജ്ജക്ഷമത ഇത്തരം പാനലുകൾക്ക് ഉണ്ടാകാറുള്ളൂ. കൂടുതൽ സ്ഥലവും ആവശ്യമാണ്‌.
== ഇനി ഇതിൽ ഏത് തരത്തിലുള്ള പാനലുകൾ ആയിരിക്കണം ഉപയോഗിക്കേണ്ടത് ?==
ഏറ്റവും ഊർജ്ജക്ഷമത ഉള്ളത് മോണോ ക്രിസ്റ്റലൈൻ പാനലുകൾ ആയതിനാൽ സ്വാഭാവികമായും മുൻതൂക്കം ലഭിക്കുന്നത് അതിനു തന്നെയാണെങ്കിലും പോളി ക്രിസ്റ്റലൈൻ പാനലുകളെ അപേക്ഷിച്ച് വിലയിലുള്ള വലിയ വ്യത്യാസം ഉപഭോക്താക്കളെ പോളി ക്രിസ്റ്റലൈൻ പാനലുകൾ ഇന്സ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ആദ്യ കാലങ്ങളിൽ പോളി ക്രിസ്റ്റലൈൻ പാനലുകളുടേയും മോണോ ക്രിസ്റ്റലൈൻ പാനലുകളുടേയും ഊർജ്ജക്ഷമതയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എങ്കിൽ ഇന്ന് മോണോ ക്രിസ്റ്റലൈൻ പാനലുകളോട് കിടപിടിക്കുന്ന ഊർജ്ജക്ഷമതയുള്ള പോളി ക്രിസ്റ്റലൈൻ പാനലുകൾ വലിയ വിലക്കുറവിൽ ലഭ്യമാണ്‌ എന്നതിനാൽ മിക്ക ഡീലർമ്മാരും പ്രോത്സാഹിപ്പിക്കുന്നത് ഇവയെത്തന്നെയാണ്‌. എങ്കിലും പോളി ക്രിസ്റ്റലൈൻ പാനലുകൾ വാങ്ങുന്നതിനു മുൻപ് അതിന്റെ ഊർജക്ഷമത ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഒരേ കപ്പാസിറ്റിയുള്ള 1 കിലോ വാട്ട് പ്ലാന്റുകൾ 60000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കുമെല്ലാം ഇന്സ്റ്റാൾ ചെയ്ത് തരുന്ന കമ്പനികൾ ഉണ്ടാകും. ഇവിടെ വിലയിലെ പ്രധാന വ്യത്യാസം സോളാർ പാനലുകളുടെ ഗുണനിലവാരം തന്നെ ആയിരിക്കും. ഉപഭോക്താക്കൾക്ക് ഈ വിഷയത്തിലുള്ള അജ്ഞത കള്ള നാണയങ്ങൾ മുതലെടുക്കുന്നു. 12 ശതമാനം എഫിഷ്യൻസി ഉള്ള പാനലും 17 ശതമാനം എഫിഷ്യൻസി ഉള്ള പാനലും തമ്മിൽ വിലയിൽ വലിയ വ്യത്യാസങ്ങൾ ഉള്ളതിനാൽ ഉപഭോക്താക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം സംഭവിക്കും.
== സോളാർ പാനലുകളുടെ ആയുസ്സ് ==
വളരെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നാണ്‌ സോളാർ പാനലുകളുടെ ആയുസ്സിന്റെ കണക്കുകൾ. 25 വർഷത്തെ വാരണ്ടിയുടെ കണക്കുകൾ മാത്രമാണ്‌ എല്ലാവരും പറഞ്ഞ് കാണാൻ കഴിയുക. ഇവിടെ ഈ ഇരുപത്തഞ്ച് വർഷത്തിന്റെ കണക്കിലും വാറന്റിയിലും ചെറിയ ഒരു കളിയുണ്ട്. പഴക്കം ചെല്ലുന്തോറും സോളാർ പാനലുകളുടെ കപ്പാസിറ്റി കുറഞ്ഞ് കുറഞ്ഞ് വരും. MNRE യുടെ നിബന്ധനകൾ പ്രകാരം 90% പവർ 10 വർഷത്തേക്കും അതിനു ശേഷം 80% ത്തിൽ കുറയാത്ത പവർ 25 വർഷത്തേക്കും ഉറപ്പ് വരുത്തണം എന്നതാണ്‌. പൊതുവേ ഈ നിബന്ധനകളിൽ കൂടൂതലായൊന്നും നിർമ്മാതാക്കൾ നൽകാറുമില്ല. എങ്കിലും ഏതെങ്കിലും ബ്രാൻഡ് 100% പവർ ആദ്യത്തെ 5 വർഷത്തേക്കും 90% തുടർന്നുള്ള അഞ്ചു വർഷത്തേക്കും 80% ഇരുപത്തഞ്ചു വർഷത്തേക്കും ഒക്കെ ഉറപ്പ് നൽകുന്നുണ്ടെങ്കിൽ അല്പം വില കൂടുതൽ ആണെങ്കിലും അത്തരം പാനലുകളെ കൂടുതൽ വിശ്വസിക്കാൻ കഴിയും. ഇവിടെ വാറന്റി നിബന്ധനകളിൽ പൊതുവേ പാനലുകൾ മൊത്തമായി മാറ്റിക്കൊടുക്കാറൊന്നുമില്ല. പകരം എത്ര ശതമാനം കുറഞ്ഞുവോ അത്രയും മോഡ്യൂളുകൾ നൽകി പവർ അഡ്ജസ്റ്റ് ചെയ്ത് നൽകുകയേ ചെയ്യാറൂള്ളൂ.

കടപ്പാട് : സുജിത് കുമാർ 
ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ താത്പര്യമുള്ളവർ ഇദ്ദഹത്തെ ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതാണ് ... https://www.facebook.com/sujithkrk
നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്കു ഷെയർ ചെയ്യാൻ മറക്കരുത് ...

No comments:

Post a Comment